ഇടപ്പള്ളി പള്ളിയുടെ കീഴിലുണ്ടായിരുന്ന പള്ളിവക സ്ഥലത്ത് 1968ല്‍ അന്നത്തെ വികാരിയായിരുന്ന ബഹു. ആന്റണി പുതുശ്ശേരിയച്ഛന്റെ നേതൃതൃത്തില്‍ വി. യൗസേപ്പിതാവിന്‍റെ നാമത്തില്‍ വാഴക്കാലയില്‍ ഒരു കപ്പേള സ്ഥാപിക്കുകയും എല്ലാ വര്‍ഷവും മാര്‍ച്ച് 19ന് തിരുനാളും നേര്‍ച്ചസദ്യയും ആരംഭിക്കുകയും ചെയ്തതോടുകൂടിയാണ് വാഴക്കാല പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. കാലക്രമേണ സുറിയാനി കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിക്കുകയും 1980കളില്‍ വാഴക്കാല, ചെമ്പുമുക്ക്, പടമുഗള്‍ പ്രദേശങ്ങളില്‍ ധാരാളം കുടുംബങ്ങള്‍ താമസമാരംഭിക്കുകയും ചെയ്തു.
ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഇവിടെയുള്ളവരുടെ ആത്മീയകാര്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു കുരിശുപള്ളി വാഴക്കാലയില്‍ ഉണ്ടാകുന്നത് നല്ലതാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നു. ബഹു.ജോസഫ് കാവാലിപ്പാടനച്ചന്‍ ഇടപ്പള്ളി പള്ളി വികാരിയായിരിക്കുമ്പോള്‍ 1985ല്‍ പള്ളിയില്‍ നിന്നും പണം മുടക്കി ഇന്ന് പള്ളിയിരിക്കുന്ന സ്ഥലം വാങ്ങി. പിന്നീട് ബഹു. ജോസഫ് വിതയത്തിലച്ചന്‍ വികാരിയായിരിക്കുമ്പോള്‍ 1986 സെപ്തംബര്‍ 4-ാം തീയതി കുരിശുപള്ളിക്കുവേണ്ടി അടിസ്ഥാനശിലയിടുകയും 1986 നവംബര്‍ 29-ാം തീയതി അഭിവന്ദ്യ ആന്‍റണി പടിയറ പിതാവ് വെഞ്ചരിക്കുകയും ഞായറാഴ്ചകളില്‍ ഒരു കുര്‍ബാനയും ബുധനാഴ്ചകളില്‍ കുര്‍ബാനയും വി.യൗസേപ്പിതാവിന്‍റെ നൊവേനയും പ്രസ്തുത കുരിശുപള്ളിയില്‍ ആരംഭിച്ചു. ഇതോടുകൂടി 1987 മുതല്‍ തിരുനാളും നേര്‍ച്ചസദ്യയും പള്ളിയിലേക്ക് മാറ്റി.
1990 മുതല്‍ ആദ്യ വെള്ളിയാഴ്ചകളിലും ഇവിടെ കുര്‍ബാന ആരംഭിച്ചു. കുട്ടികള്‍ക്കുള്ള മതബോധനവും ഈ കാലഘട്ടത്തില്‍ ആരംഭിച്ചു. കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് പള്ളിയില്‍ സ്ഥലം പരിമിതമായി. ഇതിനകം മാമ്മോദീസയും വിവാഹവും മറ്റ് കൂദാശകളും ഇവിടെ പരികര്‍മ്മം ചെയ്യാന്‍ തുടങ്ങിയതോടെ വലിയൊരു ദേവാലയം നിര്‍മ്മിക്കേണ്ടതിനെപ്പറ്റി ആലോചനകള്‍ തുടങ്ങി. അങ്ങനെ 1991 ജനുവരി 10-ാം തീയതി അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ആന്‍റണി പടിയറ പിതാവ് പുതിയൊരു ദേവാലയത്തിന് കല്ലിട്ടു. എങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായില്ല
ബഹു. തോമസ് പൈനാടത്തച്ചന്‍ ഇടപ്പള്ളി വികാരിയായിരിക്കുമ്പോള്‍ വാഴക്കാലയില്‍ പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. 1999 ഫെബ്രുവരി മാസത്തില്‍ പൈനാടത്തച്ചന്‍ സ്ഥലംമാറി പോവുകയും ബഹു. തോമസ് മറ്റത്തിലച്ചന്‍ വികാരിയാവുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പണികള്‍ പുരോഗമിക്കുകയും 2000 ഫെബ്രുവരി 12-ാം തീയതി അഭിവന്ദ്യ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് പുതിയ ദേവാലയം ആശിര്‍വദിച്ച് പ്രതിഷ്ഠിക്കുകയും ചെയ്തു. ഇക്കാലഘട്ടങ്ങളിലൊക്കെ ഇവിടുത്തെ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇടപ്പള്ളി പള്ളിയിലെ അസിസ്റ്റന്‍റ് വികാരിമാരായിരുന്നു.
വാഴക്കാല ഭാഗത്തുള്ളവരുടെ ആത്മീയ വളര്‍ച്ചയില്‍ കുറെക്കൂടി ശ്രദ്ധ പതിപ്പിക്കുന്നതിനായി 2001 ഫെബ്രുവരി 7-ന് ബഹു. ഇഗ്നേഷ്യസ് പയ്യപ്പള്ളി അച്ചനെ വാഴക്കാല പള്ളിയുടെ പ്രോ വികാരിയായി നിയമിച്ചു. അദ്ദേഹം അരമനയില്‍ താമസിച്ച് തന്‍റെ ഉത്തരവാദിത്വം നിര്‍വഹിച്ചുപോന്നു. പിന്നീട് പയ്യപ്പള്ളി അച്ചന്‍ പ്രോ-വികാരി സ്ഥാനത്തുനിന്ന് മാറിയപ്പോള്‍ 2002 ഫെബ്രുവരി 14-ാം തീയതി മുതല്‍ ഫാ. ആന്‍റണി പുതിയാപറമ്പില്‍ അരമനയില്‍ അസിസ്റ്റന്‍റ് പ്രൊക്കുറേറ്റര്‍ എന്ന ചുമതലയോടൊപ്പം വാഴക്കാല പള്ളിയുടെ പ്രോ-വികാരിയായും ചുമതലയേറ്റു. 2002 ഏപ്രില്‍ 4-ാം തീയതി വാഴക്കാല പള്ളിയെ ഒരു സ്വാതന്ത്ര ഇടവകയായി ഉയര്‍ത്തുന്നതിന്‍റെ പ്രാരംഭ നടപടിയായി അതിര്‍ത്തി നിശ്ചയിച്ചുകൊണ്ടുള്ള അഭിവന്ദ്യ പിതാവിന്‍റെ കല്‍പന ഔദ്യോഗികമായി അറിയിച്ചു.
വാഴക്കാല പള്ളിയെ ഒരു സ്വതന്ത്ര ഇടവകയാക്കുന്നതിന് ഇവിടെയുള്ള പഴയ കുടുംബങ്ങള്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരുന്നത്. ഇതിനു പരിഹാരമായി ഈ ഇടവകാതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇടപ്പള്ളി ഇടവക്കാരായി തുടരുന്നതിനുള്ള അനുവാദം ലഭിക്കുവാനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ അഭിവന്ദ്യ പിതാവ് കല്‍പ്പന നല്‍കി. പിന്നീട് 2002 ജൂലൈ 28-ാം തീയതി അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മിസ്:7862-ാം നമ്പര്‍ കല്പന പ്രകാരം വാഴക്കാല സെന്‍റ് ജോസഫ് പള്ളിയെ ഒരു സ്വതന്ത്ര ഇടവകയാക്കുകയും പൂതിയാപറമ്പില്‍ ആന്‍റണി അച്ചനെ പ്രഥമവികാരിയായി നിയമിക്കുകയും ചെയ്തു. 2002 ഒക്ടോബര്‍ 20-ാം തീയതി മിഷന്‍ ഞായര്‍ ദിവസം വാഴക്കാല ഇടവകയുടെ പ്രഥമ ഇടവക പ്രതിനിധിയോഗാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയും കൂടപ്പുഴ അബ്രഹാം ആന്‍റണിയും തച്ചില്‍ ശ്രീ. ഇട്ടീര ജോര്‍ജ്ജും ഇടവകയുടെ ആദ്യത്തെ കൈക്കാരന്മാരായി ചുമതലയേല്‍ക്കുകയും ചെയ്തു. 2003 മാര്‍ച്ച് 8-ാം തീയതി മുതല്‍ വാഴക്കാല പള്ളി വികാരി പടമുഗള്‍ പള്ളിയില്‍ താമസിച്ച് തന്‍റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു തുടങ്ങി.
2003 ജനുവരി 20-ന് വാഴക്കാല ഇടവകയില്‍ ഡിസ് ടി സന്യാസിനി സമൂഹത്തിന്‍റെ പുതിയൊരു മഠം അഭിവന്ദ്യ തോമസ് ചക്യത്ത് പിതാവ് വെഞ്ചരിച്ചു. അതുവരെ ഇവിടുത്തെ മതബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചുകൊണ്ടിരുന്നത് തോപ്പില്‍ മേരിമാതാ ആരാധനാമഠത്തിലെ സിസ്റ്റേഴ്സായിരുന്നു. 2003 മാര്‍ച്ച്- 23-ാം തീയതി അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് പുതിയ വൈദീക മന്ദിരത്തിന്‍റെയും, മതബോധന ഹാളിന്‍റെയും അടിസ്ഥാനശില വെഞ്ചരിച്ചു. മൂന്നു നിലയിലുള്ള പ്രസ്തുത കെട്ടിടത്തിന്‍റെ വെഞ്ചരിപ്പു കര്‍മ്മം സഹായമെത്രാന്‍ തോമസ് ചക്യത്ത് 22-02-04 ല്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് 29.02.04 ല്‍ വികാരി ഫാ. ആന്‍റണി പുതിയാപറമ്പില്‍ ആലുവ സ്നേഹപുരം പള്ളിയിലേക്ക് സ്ഥലം മാറുകയും വികാരിയായി റവ.ഫാ.പോള്‍ കല്ലൂക്കാരന്‍ ചാര്‍ജ്ജെടുക്കുകയും ചെയ്തു.
കുട്ടികളുടേയും ഡിവിഷന്‍റെയും എണ്ണം കൂടിയതിനാല്‍ മതബോധനഹാളിന്‍റെ നാലാംനില പണി ആരംഭിക്കുകയും ആഗസ്റ്റ് 2005-ല്‍ പണിതീരുകയും ചെയ്തു. വഴിയാത്രക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യാര്‍ത്ഥം പള്ളിയുടെ മുന്‍വശത്ത് ഗ്രോട്ടോ പണി ആരംഭിച്ച് 31 .10 .2005 ല്‍ വികാരിയച്ചന്‍ വെഞ്ചരിച്ചു. കുട്ടികള്‍ക്കു പഠിക്കാന്‍ സ്ഥലം തികയാതെ വന്നതിനാല്‍ പളളിയുടെ പടിഞ്ഞാറുവശത്ത് ഒരു ഹാള്‍ പണിതുടങ്ങി. 31 .10 .2006 ല്‍ വെഞ്ചരിപ്പുകര്‍മ്മം വികാരി പോള്‍ കല്ലൂക്കാരനച്ചന്‍ നിര്‍വഹിച്ചു. നിര്‍ധന കുടുംബത്തിലെ നേഴ്സിംഗ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പഠനസഹായം നല്‍കുവാന്‍ ഹെല്പ് ആൻഡ് ഹെല്പ് പദ്ധതി അച്ചന്‍ നടപ്പാക്കുകയും ഏതാണ്ട് 175 കുട്ടികള്‍ക്ക് ഇടവകാംഗങ്ങളെ പ്രേരിപ്പിച്ച് സഹായം നല്‍കുകയും ചെയ്തു. ആ പദ്ധതി ഇന്നും നമ്മുടെ ഇടവകയില്‍ മുടക്കം കൂടാതെ നടന്നു വരുന്നു. പള്ളിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വീടും അഞ്ച് സെന്‍റ് സ്ഥലവും 57 ലക്ഷം രൂപയ്ക്ക് അച്ചന്‍ വാങ്ങി.
16.02.2008 നാലുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ബഹു. പോള്‍ കല്ലൂക്കാരന്‍ അച്ചന്‍ കറുകുറ്റിയിലേക്ക് സ്ഥലം മാറി പോവുകയും ഫാ. കുര്യാക്കോസ് ചെറുവള്ളി ചാര്‍ജ്ജെടുക്കുകയും ചെയ്തു. പള്ളി പരിസരത്തിന്‍റെ സൗന്ദര്യവല്‍ക്കരണത്തിനായി പൂന്തോട്ടവും പുല്‍ത്തകിടികളും ലാന്‍റ്സ്കേപ്പും നിര്‍മ്മിച്ചു. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരുടെ പെയിന്‍റിംഗ്സ് പള്ളിക്കകത്ത് സ്ഥാപിച്ചു. വിശുദ്ധ അന്തോണീസ് പുണ്യവാന്‍റേയും വിശുദ്ധ അല്‍ഫോന്‍സാ പുണ്യവതിയുടെയും നൊവേനകള്‍ക്ക് തുടക്കമിട്ടു. രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം 2010 ഏപ്രില്‍ മാസത്തില്‍ ബഹു. കുര്യാക്കോസ് ചെറുവള്ളിയച്ചന്‍ തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ്ജ് പള്ളിയുടെ വികാരിയായി സ്ഥലം മാറി പോയി. തുടര്‍ന്ന് വികാരിയായി ബഹു.ജേക്കബ് കോഴുവള്ളിയച്ചന്‍ ചാര്‍ജ്ജെടുത്തു.
നമ്മുടെ ഇടവകാംഗങ്ങള്‍ ഹെല്പ് എ സേമിയറിൻ വഴി 30 കുട്ടികളെ വൈദീക പഠനത്തിനു സഹായിക്കുന്നുണ്ട്. നമ്മുടെ ഇടവകാംഗങ്ങള്‍ക്ക് മായമില്ലാത്ത ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ഒരു കണ്‍സ്യൂമര്‍ സൊസൈറ്റി നടത്തുന്നുണ്ട്. ഇതുവഴി അരി, അരിപ്പൊടി, ഗോതമ്പുപൊടി, വെളിച്ചെണ്ണ മുതലായവയും അങ്കമാലിയിലുള്ള സേവാശ്രമത്തിലെ മറ്റു പലചരക്ക് സാധനങ്ങളും കൊടുക്കുന്നുണ്ട്
പതിമൂന്നു കുടുംബയൂണിറ്റുകളിലായി 500 കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഇടവകയിലുണ്ട്. ഇടവകയ്ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന പാരീഷ് കൗണ്‍സിലും സെന്‍ട്രല്‍ കമ്മറ്റിയും ഉപവി പ്രവര്‍ത്തനങ്ങളില്‍ അതിരൂപതയില്‍തന്നെ മുന്നിട്ടു നില്‍ക്കുന്ന വിന്‍സെന്‍റ് ഡി പോള്‍ സംഘടനയും ഇടപ്പള്ളി ഫെറോനയിലെ മികച്ച മതബോധന യൂണിറ്റും ബൈബിള്‍ കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍പോലും ഒന്നാം സ്ഥാനവും നമ്മുടെ ഇടവകയ്ക്ക് സ്വന്തമാണ്. എണ്ണത്തിലും പ്രവര്‍ത്തനത്തിലും പ്രാര്‍ത്ഥനയിലും അഭിമാനാര്‍ഹമായ നിലവാരം പുലര്‍ത്തുന്ന കെ.സി.വൈ.എം. സംഘടനയും പ്രവര്‍ത്തനനിരതരായ സി.എല്‍.സിക്കാരും ഉണ്ണീശോയ്ക്ക് പ്രിയപ്പെട്ട തിരുബാല സഖ്യവും, സ്വര്‍ഗ്ഗത്തിലെ മാലാഖമാരെപോലും അതിശയിപ്പിക്കുന്ന വലിയ അള്‍ത്താര സംഘവും സജീവമായി പ്രവര്‍ത്തിക്കുന്ന ലീജിയന്‍ ഓഫ് മേരിയും വിമന്‍ വെല്‍ഫെയറും വാഴക്കാല ഇടവകയ്ക്ക് എന്നും അഭിമാനമാണ്. എല്ലാറ്റിനും ഉപരിയായി ഏവരെയും സഹായിക്കാന്‍ പോരുന്ന നല്ല മനോഭാവം പുലര്‍ത്തുന്ന ഈ വിശ്വാസ സമൂഹം അത് വാഴക്കാല ഇടവകയ്ക്കുമാത്രം അവകാശപ്പെടാവുന്ന വലിയ ദൈവാനുഗ്രഹത്തിന്‍റെ അടയാളമാണ്.
© 2024 - All Rights with St.josephs' church © Admin - stjosephchurchvazhakkala@gmail.com