Welcome to Vazhakkala Church. Glad to be part of our shrine

PARISH COUNCIL

പൊതുയോഗം/പ്രതിനിധിയോഗം

i. പൊതുയോഗം/പ്രതിനിധിയോഗം എന്നിങ്ങനെയുള്ള രൂപങ്ങളോടു കൂടിയതാണ് ‘പള്ളിയോഗം’ വികാരിയെ ഉപദേശിക്കുവാനും സഹായിക്കുവാനും ഇടവകയിലെ അജപാലന ശുശ്രൂഷയിലും സാമ്പത്തികകാര്യങ്ങളുടെ നിര്‍വ്വഹണത്തിലും അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും വേണ്ടി ഇടവകയിലെ ദൈവജനകൂട്ടായ്മയുടെ സവിശേഷ പ്രകാശനം എന്ന നിലയില്‍ സീറോ മലബാര്‍ സഭയിലെ പള്ളിയോഗനിയമാവലിയനുസരിച്ച് രൂപവത്കൃതമായ സമിതികളാണിവ.

ii. അതിരൂപതാദ്ധ്യക്ഷന്‍റെ നിയന്ത്രണത്തിലായിരിക്കും പള്ളിയോഗം പ്രവര്‍ത്തിക്കുന്നത്. ഇടവകപ്രതിനിധിയോഗത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകള്‍ അംഗീകരിക്കുകയോ, തിരസ്കരിക്കുകയോ ചെയ്യുന്നതിനും ആവശ്യമെങ്കില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ പിരിച്ചുവിടുന്നതിനുമുള്ള അധികാരം അതിരൂപതാദ്ധ്യക്ഷനുണ്ടായിരിക്കും.

iii. അതിരൂപതയിലെ എല്ലാ ഇടവകകളിലും പൊതുയോഗം, പ്രതിനിധിയോഗം എന്നിങ്ങനെ പള്ളിയോഗത്തിന്‍റെ രൂപങ്ങളും ഉണ്ടായിരിക്കണം . എന്നാല്‍, നൂറില്‍താഴെ കുടുംബങ്ങളുള്ള ഇടവകകളില്‍ പ്രതിനിധിയോഗത്തിനു പകരം പൊതുയോഗം മാത്രമായും, ഗൗരവമായ കാരണങ്ങളുെണ്ടങ്കില്‍ അതിരൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടെ പൊതുയോഗത്തിനു പകരം പ്രതിനിധിയോഗം മാത്രമായും പള്ളിയോഗത്തിന് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍, രണ്ടാമതു പറഞ്ഞരീതി നിലവിലുള്ളിടത്ത് കാര്യങ്ങളുടെ ആകമാനമുള്ള അവലോകനത്തിനുവേണ്ടി ആണ്ടിലൊരിക്കലെങ്കിലും പൊതുയോഗം കൂടേണ്ടതാണ്. ഒരു വര്‍ഷത്തില്‍ ഇടവകയില്‍ എന്തെല്ലാം നടന്നുവെന്ന് പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവസരമാണിത്.

iv. കുടുംബം എന്നതുകൊണ്ട്ദ്ദേശിക്കുന്നത്, ഓരോ ഇടവകയ്ക്കും വേര്‍തിരിച്ചുകൊടുത്തിട്ടുള്ള പ്രദേശത്ത് വസിക്കുകയും അവിടുത്തെ ഇടവകയിലെ ഇടവക രജിസ്റ്ററില്‍ (ആത്മസ്ഥിതി) ഒരു കുടുംബമായി പേരുചേര്‍ക്കപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തിയേയോ വ്യക്തികളേയോ ആണ്.

v. സാധാരണയായി, കുടുംബത്തിന്‍റെ നാഥന്‍ അഥവാ കുടുംബത്തലവന്‍ ആണ് കുടുംബപ്രതിനിധിയായി ഇടവക പൊതുയോഗത്തില്‍ സംബന്ധിക്കേണ്ടത്. എന്നാല്‍ കുടുംബത്തെ പ്രതിനിധീകരിച്ചു ഭര്‍ത്താവാണോ, ഭാര്യയാണോ യോഗത്തില്‍ സംബന്ധിക്കേണ്ടതെന്ന് അവര്‍ക്ക് പരസ്പരധാരണയില്‍ തീരുമാനിക്കാവുന്നതാണ്. അക്കാര്യം വികാരിയെ രേഖാമൂലം അറിയിച്ചിരിക്കണം. കുടുംബനാഥനോ, നാഥയോ പൊതുയോഗത്തില്‍ സംബന്ധിക്കുവാന്‍ വയ്യാത്തവിധം സ്ഥിരമായി കഴിവില്ലാതായാല്‍ പകരം യോഗത്തില്‍ സംബന്ധിക്കുവാന്‍ 21 വയസ്സായ ഒരു കുടുംബാംഗത്തെ നിയോഗിക്കാവുന്നതും അക്കാര്യം യോഗത്തിന് ഏഴു ദിവസം മുമ്പെങ്കിലും വികാരിയെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

ഇടവകപ്രതിനിധിയോഗം

i. ഇടവകയിലെ കുടുബയൂണിറ്റുകളുടെ/വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞടുക്കപ്പെട്ടവരും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും , ഉദ്യോഗവശാല്‍ അംഗങ്ങളായി നിയമിക്കപ്പെട്ടവരും ഉള്‍പ്പെടുന്ന സമിതിയാണിത്. ഈ സമിതിക്ക് അതിരൂപതാദ്ധ്യക്ഷന്‍റെ അംഗീകാരം ഉണ്ടായിരിക്കണം.

ii. ഇടവകയിലെ കുടുംബ യൂണിറ്റുകളില്‍/വാര്‍ഡുകളില്‍ നിന്ന് മൊത്തത്തില്‍ പത്തില്‍ കുറയാതെയും മുപ്പതില്‍ കൂടാതെയും പ്രതിനിധികളെ തിരഞ്ഞെടുക്കണം.

iii. പ്രതിനിധിയോഗത്തിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതു കുടുംബയൂണിറ്റിലെ/ വാര്‍ഡിലെ കുടുംബത്തലവന്മാര്‍ ചേര്‍ന്നാണ്.

iv. പ്രതിനിധിയോഗത്തിന്‍റെ കാലാവധി രണ്ട്വര്‍ഷമാണ്.

v. പ്രതിനിധിയോഗത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്നവരില്‍ മുപ്പതുശതമാനം സ്ത്രീകളായിരിക്കുന്നത് അഭിലഷണീയമാണ്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണം പത്തു ശതമാനത്തില്‍ കുറയരുത്.

vi. അതിരൂപതയില്‍ അംഗീകാരമുള്ള സംഘടനകളില്‍ (അതിരൂപതയില്‍ അംഗീകാരമുള്ള സംഘടനകളുടെ ലിസ്റ്റ് നിയമസംഹിത സംഘടനകള്‍ കാണുക) നിന്ന് പ്രതിനിധി യോഗത്തിലേക്കുള്ള പ്രാതിനിധ്യം താഴെപ്പറയും പ്രകാരമായിരിക്കും. ഫാമിലി യൂണിറ്റുകളുടെ വൈസ് ചെയര്‍മാന്‍, കെ.സി.വൈ.എം. ന്‍റെ ഒരു പ്രതിനിധി, സീനിയര്‍ സി.എല്‍.സി./സി.എം.എല്‍. എന്നീ സംഘടനകളുടെ ഏതെങ്കിലുമൊരു പ്രതിനിധി (ഓരേ ഇടവകയില്‍ രണ്ട് സംഘടനകളുമുെണ്ടങ്കില്‍ ടേം മാറി മാറി പ്രതിനിധിയോഗത്തില്‍ വരാം.). വനിതാ സംഘടനകളുടെ ഒരു പ്രതിനിധി, ഇടവകയിലെ മതാദ്ധ്യാപക പ്രതിനിധി, അതിരൂപതയില്‍ അംഗീകാരമുള്ള മറ്റു സംഘടനകളുടെ എല്ലാറ്റിന്‍റേയുംകൂടി ഒരു പ്രതിനിധി. മേല്‍പ്പറഞ്ഞവര്‍ കുടുംബനാഥന്മാരോ, വിവാഹിതരോ ആയിരിക്കണമെന്നില്ല. എന്നാല്‍, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.

vii. പള്ളിയില്‍നിന്നു നേരിട്ടുവേതനം സ്വീകരിക്കുന്നവ്യക്തികള്‍ പ്രതിനിധിയോഗത്തില്‍ പങ്കെടുക്കുവാന്‍ പാടില്ല. അതുപോലെ ഇടവകയില്‍ നിന്നും നമ്മുടെ അതിരൂപതയില്‍ ജോലി ചെയ്യുന്ന ഇടവക വൈദികരും പ്രതിനിധിയോഗത്തില്‍ പങ്കെടുക്കുവാന്‍ പാടില്ല.

viii.

ix. പള്ളിവകവസ്തുക്കളോ സ്ഥാപനങ്ങളോ കൈവശം വച്ച് വാടക കൊടുത്തുകൊണ്ടിരിക്കുന്ന അംഗങ്ങള്‍ പ്രതിനിധിയോഗാംഗങ്ങളാണെങ്കില്‍ പ്രസ്തുത വിഷയങ്ങള്‍ പ്രതിനിധിയോഗത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ ചര്‍ച്ചയില്‍ ഉണ്ടായിരിക്കരുത്. (സീറോ മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ അനുബന്ധം കകല്‍ കൊടുത്തിരിക്കുന്നു.)

x. പ്രതിനിധിയോഗാംഗങ്ങള്‍ കൈക്കാരന്മാരെപ്പോലെ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കേണ്ടതാണ്. (പ്രതിനിധിയോഗാംഗങ്ങളെയും കൈക്കാരന്മാരെയും ഔദ്യോഗികമായി സ്ഥാനം ഏല്‍പിക്കുന്ന ക്രമം അനുബന്ധം III കൊടുത്തിരിക്കുന്നു.)