Welcome to Vazhakkala Church. Glad to be part of our shrine

VICAR AND ASSISTANTS

ഇടവക വികാരി
(i) ഇടവകയിലെ ആത്മാക്കളുടെ സംരക്ഷണം സ്വന്തം ഇടയനെന്നപോലെ ഭാര മേല്‍പ്പിക്കപ്പെട്ടിട്ടുള്ള വൈദികനാണ് ഇടവക വികാരി. അതിരൂപതാദ്ധ്യക്ഷന്‍റെ അധികാരത്തിന്‍ കീഴില്‍ ഇടവകയില്‍ അദ്ദേഹത്തിന്‍റെ പ്രധാന സഹ പ്രവര്‍ത്തകനാണ് ഇടവക വികാരി (സിസിഇഓ.സിസി 281,284).

(ii) വികാരിയായി നിയമിക്കപ്പെട്ടിരിക്കുന്ന വൈദികന് ഇടവകയില്‍ തന്‍റെ ചുമതല നിര്‍വ്വഹിക്കാന്‍ ഔദ്യോഗികമായി സ്ഥാനം ഏല്‍ക്കേണ്ടതുണ്ട്. (സിസിഇഓ.സി.288).

(iii) നിയമന ഉത്തരവില്‍ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളില്‍ ഓരോ വികാരിയും നിര്‍ദ്ദിഷ്ട ഇടവകയില്‍ ചെന്ന് മെത്രാപ്പോലീത്ത നിശ്ചയിച്ചിട്ടുള്ള ക്രമപ്രകാരം ഔദ്യോഗികമായി ചാര്‍ജ്ജെടുക്കണം. സ്ഥലംമാറ്റത്തെപ്പറ്റിയുള്ള അറിയിപ്പ് (ഇന്റിമേഷൻ) കിട്ടിയാല്‍ ഇടവകയില്‍ പുതിയ പദ്ധതികള്‍ ഒന്നും ആവിഷ്കരിക്കാന്‍ പാടുള്ളതല്ല.

(iv) സ്ഥലം മാറി വരുന്ന വികാരി ഒരു പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കുശേഷം കൈക്കാരന്മാരുടേയോ രണ്ടു സാക്ഷികളുടേയോ സാന്നിദ്ധ്യത്തില്‍ നാളാഗമപുസ്തകത്തില്‍ പേരെഴുതി ഒപ്പുവെച്ചാണ് ഔദ്യേഗികമായി ചുമതലയേല്‍ക്കേണ്ടത്

(v) ഔദ്യോഗികമായി ചുമതലയേറ്റതിനുശേഷം അടുത്തുവരുന്ന ഞായറാഴ്ച കുര്‍ബാനമധ്യേ നിയമന പത്രിക പള്ളിയില്‍ വായിക്കണം.

(vi) അതിരൂപതക്കച്ചേരി തയ്യാറാക്കി വിതരണം ചെയ്യുന്ന ഫോറം പൂരിപ്പിച്ച് ഒപ്പു വെച്ചുകൊണ്ട് കണക്കുകള്‍ ബോദ്ധ്യപ്പെട്ട് കൈമാറുകയും ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന ഫോറത്തിന്‍റെ പകര്‍പ്പ് അതിരൂപതാ കച്ചേരിയില്‍ ഏല്പിക്കുകയും വേണം. സ്ഥാപനങ്ങളിലും സ്ഥലംമാറ്റാവസരത്തില്‍ ഈ ക്രമം തന്നെയാണ് പാലിക്കേണ്ടത്.

ഇടവക വികാരി-ചുമതലകള്‍
(i) വികാരിമാര്‍ ഇടവകയിലെ അജപാലനധര്‍മ്മം, ദിവ്യബലിയര്‍പ്പണം, ദൈവവചന പ്രഘോഷണം, വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണനടത്തിപ്പ് എന്നിവ ശ്രദ്ധയോടും വിശ്വസ്തതയോടുംകൂടി നിര്‍വ്വഹിക്കുകയും ഇടവക ജനങ്ങളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്യണം.

(ii) വികാരി താന്‍ ജോലി ചെയ്യുന്ന ഇടവകയില്‍ എല്ലായ്പ്പോഴും സംലഭ്യനായിരിക്കുവാന്‍ ശ്രദ്ധിക്കണം. ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും വികാരിയും അസിസ്തേന്തിയും അവരെ ഏല്പിച്ചിരിക്കുന്ന ഇടവക യില്‍ത്തന്നെ ഉണ്ടായിരിക്കണം.

(iii) ഇടവകയുടെ അജപാലകന്‍ എന്നനിലയില്‍ നിശ്ചിത ദിവസങ്ങളില്‍ ഇടവക ജനങ്ങളുടെ മുഴുവന്‍ നിയോഗാര്‍ത്ഥവും കുര്‍ബാന അര്‍പ്പിക്കുവാന്‍ ഇടവക വികാരിക്കു കടമയുണ്ട്.

(iv) വികാരിക്കുര്‍ബാന എന്ന പേരില്‍ വര്‍ഷത്തില്‍ പത്ത് കുര്‍ബ്ബാന ഇടവകജനങ്ങള്‍ക്കുവേണ്ടി ബഹു.വികാരിമാര്‍ അര്‍പ്പിക്കേണ്ടതാണ്. നമ്മുടെ കര്‍ത്താവിന്‍റെ പിറവി, ഉയിര്‍പ്പ്, പന്തക്കുസ്ത, മാതാവിന്‍റെ സ്വര്‍ഗ്ഗാരോഹണം എന്നീ ദിവസങ്ങളില്‍ അര്‍പ്പിക്കുന്ന കുര്‍ബ്ബാനയ്ക്കു പുറമെ ഫെബ്രുവരി, ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ ഈ മാസങ്ങളിലെ ആദ്യ ഞായറാഴ്ചകളില്‍ വികാരിമാര്‍ ഓരോ കുര്‍ബാന ജനങ്ങള്‍ക്കുവേണ്ടി ചൊല്ലണം. ആദ്യ ഞായറാഴ്ചകളില്‍ സൗകര്യപ്പെടാത്തപക്ഷം അടുത്ത ഏതെങ്കിലും ഞായറാഴ്ച ഈ കടമ നിര്‍വ്വഹിക്കണം. വിവരം മുന്‍കൂട്ടി ജനങ്ങളെ അറിയിക്കേണ്ടതാണ്. ഒരു വികാരി തന്നെ ഒന്നിലധികം പള്ളിയുടെ ഭരണം നടത്തുന്നുണ്ടെങ്കില്‍ തന്‍റെ കീഴിലുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടി പതിവുള്ള പത്ത് കുര്‍ബാന ചൊല്ലിയാല്‍ മതി (എ.മി. XXVIII105)

(v) പള്ളി ജീവനക്കാരുടെ നിയമനം വികാരിയാണു രേഖാമൂലം നടത്തേണ്ടത്.

(vi) വികാരി സ്ഥലംമാറിപോകുമ്പോള്‍ കണക്കുകള്‍, പാസ്ബുക്കുകള്‍, മറ്റു റിക്കാര്‍ഡുകള്‍, നീക്കിയിരിപ്പുപണം, ജംഗമസ്വത്തുക്കളുടെ ലിസ്റ്റ് എന്നിവ കൈക്കാരന്മാരെ ഏല്‍പ്പിക്കേണ്ടതും, ചാര്‍ജ്ജെടുക്കുന്ന പുതിയ വികാരിയെ അവര്‍ ഉടനെ ഏല്‍പ്പിക്കേണ്ടതുമാണ്. എന്നാല്‍, അസിസ്തേന്തിയുണ്ടെങ്കില്‍ സ്ഥലം മാറിപോകുന്ന വികാരി എല്ലാഭരണ ചുമതലകളും അദ്ദേഹത്തെ ഏല്‍പ്പിക്കേണ്ടതും വിവരം നടത്തു കൈക്കാരനെ അറിയിക്കേണ്ടതുമാണ്.

(vii) അസിസ്തേന്തിമാരുള്ള വികാരിമാര്‍ തങ്ങളുടെ അസിസ്തേന്തിമാരെ സ്വന്തം സഹോദരന്മാരെപ്പോലെ കണക്കാക്കി സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും അജപാലനദൗത്യം വിജയപ്രദമായി നിര്‍വ്വഹിക്കുന്നതിനാവശ്യമായ പരിശീലനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും അവര്‍ക്കു കൊടുക്കുകയും ചെയ്യേണ്ടതാണ്.

(viii) നൈയാമികവും വ്യവഹാരസംബന്ധവുമായ കാര്യങ്ങളില്‍ വികാരിയും കൈക്കാരന്മാരും സംയുക്തമായി ഇടവകയെ പ്രതിനിധാനം ചെയ്യുന്നു. (സിസിഇഓ.സി.290).

(ix) സ്ഥലം മാറിപ്പോയ വികാരി അനുവാദപ്രകാരം ഇടവകയില്‍ നടപ്പാക്കിയിട്ടുള്ള ഏതെങ്കിലും പ്രധാനപ്പെട്ട സമ്പ്രദായങ്ങളില്‍ പുതിയ വികാരിക്ക് മാറ്റം വരുത്തുന്നതിന് അതിരൂപതക്കച്ചേരിയില്‍നിന്ന് രേഖാമൂലമുള്ള അനുവാദം ലഭിച്ചിരിക്കണം.

(x) സ്ഥലം മാറിപ്പോയ വികാരി അതിരൂപതക്കച്ചേരിയില്‍ നിന്ന് അനുവാദപ്രകാരം പള്ളി, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പണികള്‍ക്ക് അംഗീകരിച്ചിട്ടുള്ള പ്ലാന്‍ മാറ്റണമെങ്കിലും അനുവാദം വാങ്ങണം.

(xi) അതിരൂപതക്കച്ചേരിയുടെ അനുവാദത്തോടെ മുന്‍വികാരി വാങ്ങുന്ന കടം പിന്നീടുവരുന്ന വാകാരി കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്.

(xii) പള്ളിമേടയില്‍ മുന്‍വികാരിമാരുടെ ഫോട്ടോ വയ്ക്കാവുന്നതാണ്.

ഇടവക-അസിസ്തേന്തി

(i) അസിസ്തേന്തിമാര്‍ വികാരിമാരുടെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ വികാരി മാരുടെ അധികാരത്തിനു വിധേയരായി, ഇടയനടുത്ത ധര്‍മ്മനിര്‍വ്വഹണത്തില്‍ അതീവതീഷ്ണതയോടും കാര്യക്ഷമതയോടുംകൂടി അവരെ സഹായിക്കേണ്ടതാണ്. വികാരിമാരും അസിസ്തേന്തിമാരും തമ്മില്‍ സഹോദരതുല്യ മായ സ്നേഹവും ബഹുമാനവും പുലര്‍ത്തണം. ഇടവകയുമായി ബന്ധപ്പെട്ട എല്ലാ മീറ്റിംഗുകളിലും അസിസ്തേന്തിമാര്‍ പങ്കെടുക്കേണ്ടതാണ്. പാരിഷ്കൗണ്‍സില്‍ യോഗങ്ങളില്‍ അസിസ്തേന്തിമാര്‍കൂടി പങ്കെടുക്കേണ്ടതാണ്.

(ii) ഇടവകയിലെ എല്ലാ വിവാഹങ്ങളും നടത്തുന്നതിനുള്ള പൊതുവായ അനുവാദം അസിസ്തേന്തിമാര്‍ക്കുണ്ട്. എന്നാല്‍, വികാരിമാര്‍ സ്ഥലത്തുള്ളപ്പോള്‍ അവരുടെ അനുവാദത്തോടുകൂടി മാത്രമേ (Ad ലിസിറ്റേറ്റമ്) അസിസ്തേന്തി മാര്‍ ഈ അനുവാദം ഉപയോഗിക്കാവൂ.

(iii) ഇടവകാതിര്‍ത്തിക്കുള്ളില്‍ നിശ്ചിതവിവാഹങ്ങള്‍ ആശീര്‍വദിക്കുവാന്‍ മറ്റൊരു വൈദികനെ അസിസ്തേന്തിമാര്‍ക്ക് അധികാരപ്പെടുത്താവുന്നതാണ്.

(iv) തിരട്ടുപുസ്തകത്തില്‍ അസിസ്തേന്തിയും ഒപ്പിടണം.

ഇടവക-പ്രോ വികാരി

(i) ഇടവകയായി ഉയര്‍ത്തപ്പെടാത്ത പള്ളികളുടെ ചുമതല ഏല്പിക്കപ്പെടുന്ന വൈദികര്‍ പ്രോവികാരിമാര്‍ എന്നിറിയപ്പെടുന്നു. പ്രോവികാരിക്ക് തന്‍റെ പള്ളിയതിര്‍ത്തിക്കകത്ത് വികാരിക്കടുത്ത അധികാരങ്ങളും കടമകളും ആനുകൂല്യ ങ്ങളും ഉണ്ടായിരിക്കുന്നതാണ്.

(ii) പ്രോ വികാരിയും അവിടുത്തെ ജനങ്ങളും കൂടി ഇടവകയായി ഉയര്‍ത്തപ്പെടാത്ത പള്ളികള്‍ ഇടവകകളായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.